തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിക്കുന്നവർക്കെതിരെ പ്രതികരണവുമായി നടി ദിവ്യ എം നായർ രംഗത്ത്. കേസുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ദിവ്യ പറയുന്നു.
കഴിഞ്ഞ ദിവസം എന്റെ വാട്ട്‌സാപ്പില്‍ എന്റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടന്‍ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നല്‍കുകയുണ്ടായി. ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിനു മനസ്സിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ ഈ വിഡിയോ ചെയ്യാന്‍ കാരണം തന്നെ ഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്. മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരുകാര്യമാണ് ഇത്.അതുകൊണ്ട്, ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതെല്ലാവര്‍ക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവര്‍ക്കു വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്റെ ചിത്രം വച്ചുള്ള ഈ വ്യാജവാര്‍ത്ത നിങ്ങളുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. എന്നും ദിവ്യ പറഞ്ഞു.