കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം മുക്കിയ തോർത്തുമായി യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി ഫഹദിനെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
സ്വർണം ദ്രാവക രൂപത്തിലാക്കി ഇതിൽ തോർത്ത് മുക്കിയെടുക്കുകയായിരുന്നു. തോര്‍ത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്.
എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശ്വസിച്ചില്ല. തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയില്‍ കൂടുതൽ തോര്‍ത്തുകള്‍ കണ്ടെത്തി.ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്.സ്വര്‍ണ്ണത്തില്‍ മുക്കിയ അഞ്ചു തോര്‍ത്തുകളാണ് (ബാത്ത് ടൗവ്വലുകള്‍) എയര്‍ കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.