മുംബൈ: കോടതികള്‍ നീണ്ട അവധിയെടുക്കുന്നതിനെതിരായ ഹര്‍ജി ദീപാവലി അവധിക്ക് ശേഷം ബോംബെ ഹൈക്കോടതി പരിഗണിക്കും. നവംബര്‍ 20ന് കേസ് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആഴ്ചകളോളം കോടതികള്‍ അവധിക്ക് പിരിയുന്നത് കാരണം നീതി നടപ്പിലാകാന്‍ വൈകുന്നുവെന്നാണ് ഹര്‍ജിക്കാരിയായ മുംബൈ സ്വദേശിനി സബീന ലക്‌ഡെവാല ഉന്നയിക്കുന്ന വാദം. മധ്യ വേനല്‍, ദീപാവലി, ക്രിസ്മസ് എന്നീ വേളകളിലാണ് കോടതികള്‍ അടച്ചിടുന്നത്.
നീതി ലഭിക്കാനുള്ള ഹരജിക്കാരുടെ മൗലികാവകാശത്തിന് എതിരാണ് ഹൈക്കോടതിയുടെ അവധിയെന്ന് പൊതുതാത്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാർ അവധിയെടുക്കുന്നതിന് എതിരെയല്ല ഹരജിയെന്ന് ലക്‌ഡാവാലയുടെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ പറഞ്ഞു. എന്നാൽ ജുഡീഷ്യറിയിലെ അംഗങ്ങൾ ഒരേ സമയം അവധിയെടുക്കരുത്. അങ്ങനെ വർഷം മുഴുവൻ കോടതികൾക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഹരജിയില്‍ പറയുന്നു.
മൂന്ന് ഘട്ടങ്ങളിലായി 70 ദിവസത്തോളം കോടതികള്‍ അടഞ്ഞ് കിടക്കാറുണ്ട്. സര്‍ക്കാര്‍ അവധികള്‍ക്ക് പുറമേയാണ് ഇതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ഇത്തരം അവധികള്‍ ഇപ്പോഴും തുടരുന്നത് നീതി നടപ്പിലാകാന്‍ കാരണതാമസമുണ്ടാക്കും- ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരുടെ പൗരന്‍മാരായിരുന്നു ന്യായാധിപന്‍മാര്‍. അവര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് മധ്യവേനലവധി നല്‍കിയിരുന്നത്. ഇത് ഇപ്പോഴും തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ജഡ്ജിമാര്‍ അവധിയെടുക്കുന്നതിനെതിരെയല്ല ഹര്‍ജിയെന്നും മൊത്തം സംവിധാനം പ്രവര്‍ത്തനരഹിതമായി മാറുന്നതിനെതിരെ മാത്രമാണ് ഹര്‍ജിയെന്നും ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ 2022ലെ പ്രവര്‍ത്തന ദിവസങ്ങള്‍ കഴിഞ്ഞ നവംബറില്‍ തന്നെ ലഭ്യമാക്കിയിട്ടും ഇപ്പോള്‍ അവധിക്ക് മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചതെന്തിനെന്ന് ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ ആര്‍.എന്‍ ലഡ്ഡയും എസ്.വി ഗംഗാപുര്‍വാലയും ചോദിച്ചു.
ജസ്റ്റിസുമാരായ എസ്.വി ഗംഗാപൂർവാല, ആർ.എൻ ലദ്ദ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യവുമായി ഹരജി എത്തിയത്. നവംബര്‍ 15ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിക്ക് പ്രതിവര്‍ഷം മൂന്ന് അവധികളാണുള്ളത്. ഒരു മാസം വേനൽക്കാല അവധി, രണ്ടാഴ്ച ദീപാവലി അവധി, ഒരാഴ്ച ക്രിസ്മസ് അവധി എന്ന നിലയിലാണ് ഹൈക്കോടതിയുടെ അവധി. അവധി ദിവസങ്ങളിൽ അടിയന്തര ആവശ്യങ്ങള്‍ക്ക് പ്രത്യേക അവധിക്കാല ബെഞ്ചുകൾ പ്രവർത്തിക്കാറുണ്ട്.