തിരുവനന്തപുരം: ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു. അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ചു കൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സര്‍വകലാശാല ഉത്തരവിറക്കാന്‍ തയാറാകാത്തതോടെയാണ് ഗവര്‍ണര്‍ നേരിട്ട് നടപടി സ്വീകരിച്ചത്. ഇന്നലെ വൈകിട്ടോടെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനം വൈസ് ചാന്‍സലര്‍ തള്ളുകയായിരുന്നു.
ഗവര്‍ണര്‍ പുറത്താക്കിയ 15 പേരെയും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സര്‍വകലാശാല ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം രേഖാമൂലം രാജ്ഭവനെ അറിയിക്കുകയും ചെയ്തു.
ഇതോടെ നവംബർ 4ന് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഇവർക്ക് നൽകിയ ക്ഷണവും റദ്ദാക്കപ്പെടും എന്നാൽ, ഗവർണറുടെ നടപടി കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
സർവകലാശാല ഔദ്യോഗികമായി സെനറ്റ് അംഗങ്ങളെ നീക്കം ചെയ്‌ത സാഹചര്യത്തിൽ ഗവർണർ ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന രീതിയിൽ നിയമപരമായി മുന്നോട്ട് പോകാനാണ് സർവകലാശാല തുനിയുന്നതെന്നും നിയമവിദഗ്‌ധർ വിലയിരുത്തുന്നു. നവംബറിൽ നടക്കുന്ന സെനറ്റ് യോഗത്തിലേക്ക് പുതിയ പതിനഞ്ച് അംഗങ്ങളെ നിയമിക്കുന്നതടക്കമുള്ള നടപടികളുമായി രാജ്ഭവൻ മുന്നോട്ട് പോകുന്നതിനിടെയാണ് സർവകലാശാലയുടെ നീക്കം.