ന്യൂഡല്‍ഹി: ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. തരൂരിന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖവും തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി ആരോപിച്ചു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന തരൂരിന്റെ ആരോപണം സംബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിന് നല്‍കിയ മറുപടിയിലാണ് മിസ്ത്രിയുടെ വിമര്‍ശനം.
ഇക്കാര്യം പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്, തരൂരിന് ഞങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖവുമാണ്. പരാതി സംബന്ധിച്ച് തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുന്നില്‍ തങ്ങളുടെ മറുപടിയില്‍ പൂര്‍ണ തൃപ്തി അറിയിക്കുന്ന തരൂര്‍ പിന്നീട് മറ്റൊരു മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ആരോപണം ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റിനുള്ള മറുപടിയില്‍ മധുസൂദനന്‍ മിസ്ത്രി ആരോപിച്ചു.
ബാലറ്റ് പേപ്പർ മുദ്രവെച്ചില്ലന്നതടക്കമുള്ള പരാതികൾ സമിതി തള്ളി. തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ബാലറ്റുകള്‍ മറ്റുള്ളവയ്‍ക്ക് ഒപ്പം കൂട്ടി കലര്‍ത്തി. പരാതിയില്‍ തരൂരിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
തരൂരിന്റെ അഭ്യര്‍ഥന തങ്ങള്‍ സ്വീകരിച്ചിട്ടും തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തരൂര്‍ വെളിപ്പെടുത്തുകയായിരുന്നുവെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം. ഔദ്യോഗിക സംവിധാനങ്ങള്‍ മുഴുവന്‍ മുഖം തിരിച്ചെങ്കിലും എതിരാളികളെ ഞെട്ടിച്ച് 1072 വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞിരുന്നു. പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിൽ തരംഗമുണ്ടാക്കാൻ ശശി തരൂരിന് കഴിഞ്ഞു. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഉൾപ്പടെ തരൂരിനെ അവഗണിച്ചു പോകാൻ നേതൃത്വത്തിന് കഴിയില്ല. ഔദ്യോഗിക സംവിധാനങ്ങളോട് പടവെട്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരം വോട്ടുകള്‍ തരൂർ നേടിയത്.