തിരുവനന്തപുരം: ബലാൽസംഗകേസിൽ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് അഡി.സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപിക്കണമെന്നും സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുതെന്നും കോടതി നിർദേശിച്ചു. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എൽദോസ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തു വച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. കൊലപാതകശ്രമത്തിനാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഓരോ ദിവസവും ഓരോ പരാതികളാണ് യുവതി ഉന്നയിക്കുന്നത്. ആദ്യം തട്ടികൊണ്ടു പോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.