ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.
യുക്രൈനിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.