തിരുവനന്തപുരം: കെ.എം. ബഷീര്‍ കേസിലെ കോടതി ഉത്തരവിൽ പൊലീസിന് രൂക്ഷ വിമർശനം. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചു. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവിലുണ്ട്. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം.
മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. ശ്രീറാമിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ശ്രീറാംവെങ്കിട്ടരാമന് കെ.എം. ബഷീറിനെ മുന്‍പരിചയമില്ലായിരുന്നു. അതുകൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചത്. അപകട ശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
അപകട സ്ഥലത്ത് നിന്ന് ശ്രീറാം രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. ബഷീര്‍ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം.
അതേസമയം കേസിൽ നരഹത്യാ കുറ്റം ഒഴിവാക്കി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സമർപ്പിച്ച വിടുതൽ ഹരജിയിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ഇരുവരും വിചാരണ നേരിടണം. എന്നാല്‍ മനപൂർവമല്ലാത്ത നരഹത്യകേസിൽ വിചാരണ നേരിടണമെന്നും തിരുവനന്തപുരം ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. അതേസമയം വിധി നിരാശപ്പെടുത്തിയെന്ന് ബഷീറിന്റെ കുടുംബം പ്രതികരിച്ചിരുന്നു.