കോഴിക്കോട്: ഗുണ്ടാ നേതാവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലു പ്രതികളും അറസ്റ്റിൽ. ചെത്തുകടവ് വാലങ്ങൽ വീട്ടിൽ സുജിൽ (കുഞ്ഞുമോൻ–31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് (ടിന്റു–33), വരട്ട്യാക്ക് പുതുശ്ശേരി പറമ്പിൽ ഷാജി (48), പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ച ശിവഗിരി കാരിപ്പറമ്പത്ത് വീട്ടിൽ അഖിൽ (31) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 16ന് രാത്രി 10.30ന് ചെത്തുകടവ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തുവച്ച് ചെത്തുകടവ് കുറുങ്ങോട്ടുമ്മൽ സ്വദേശി ജിതേഷിനെയാണ് (41) നാല്‍വര്‍ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്.
കുപ്രസിദ്ധ ഗുണ്ടയായ ജിതേഷ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ഷാജിയെ ഫോണിലൂടെയും നേരിട്ടും കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഷാജി, സുജിലിനെയും ലിബേഷിനെയും ഒക്ടോബർ 16ന് രാത്രി വീടിനോട് ചേർന്നുള്ള കടയിലേക്കു വിളിച്ചു വരുത്തി ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം ജിതേഷിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു. തുടർന്ന് ഷാജി സുജിലിനെയും ലിബേഷിനെയും കാറിൽ സുജിലിന്റെ വീടിനടുത്താക്കി.
ഇതിനിടെ, ജിതേഷ് ബൈക്കില്‍ ചെത്തുകടവ് ഭാഗത്തേക്കു പോകുന്നതു കണ്ട സുജിലും ലിബേഷും വീടുപണി നടക്കുന്ന സ്ഥലത്തുനിന്ന് ഇരുമ്പു പൈപ്പും ഇരുമ്പിന്റെ ചെറിയ വീതി കുറഞ്ഞ ഒരു കൈക്കോട്ടും സംഘടിപ്പിച്ച ശേഷം ജിതേഷിന്റെ വീട്ടിലേക്കു പോകുന്ന ചെറിയ റോഡിൽ കാത്തുനിന്നു. അതുവഴി വന്ന ജിതേഷിനെ ഇരുവരും തടഞ്ഞു നിർത്തി മർദിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചു.
തുടർന്ന് സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികൾ ഷാജിയെ ഫോണിൽ വിളിച്ചുവരുത്തി കാറിൽ പെരുവഴിക്കടവ് പാലത്തിനു മുകളിലെത്തി ആയുധങ്ങൾ പുഴയിൽ ഉപേക്ഷിച്ചു. നാലുപേരും കൂടി മദ്യപിച്ചശേഷം കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലെത്തി സുജിലിനെയും ലിബേഷിനെയും അവിടെ റൂമെടുത്ത് താമസിപ്പിച്ചു. പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയ പ്രതികൾ ഇവിടെനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.