ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഖർഗെയ്ക്ക് ഒരു മികച്ച ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായുള്ള പുതിയ ഉത്തരവാദിത്തം ലഭിച്ച മല്ലികാർജുൻ ഖാർഗെയ്ക്ക് എല്ലാ ആശംസയും നേരുന്നു. മുന്നോട്ടുള്ളത് ഫലപ്രദമായ ഒരു കാലഘട്ടമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം നിരവധി രാഷ്ട്രീയ നേതാക്കൾ ഖർഗെയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന സോണിയാ ഗാന്ധി വസതിയിലെത്തി നേരിൽ കണ്ടാണ് ഖർഗെയെ അഭിനന്ദിച്ചത്. പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ഖർഗേക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തിയിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു. ഭാരത് ജോഡോ യാത്രയുമായി ആന്ധ്രപ്രദേശിലുള്ള മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ഫാസിസ്റ്റ് ശക്തികൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ഭീഷണികൾക്കുമെതിരെ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നാണ് ഖാർഗെ വിജയത്തിനുശേഷം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ് ഖാർഗെ. പാർട്ടിയിൽ വലിയവനും ചെറിയവനുമില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ യഥാർത്ഥ കോൺഗ്രസ് പടയാളിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു പതിറ്റാണ്ടിനുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ഖാർഗെ വിജയിച്ചത്. ഖാർഗെയ്ക്ക് 7,897 വോട്ട് ലഭിച്ചപ്പോൾ 1,072 വോട്ടുമായി ശശി തരൂർ മികച്ച പ്രകടനം കാഴ്ചവച്ചു. 416 വോട്ട് അസാധുവായും പ്രഖ്യാപിച്ചിട്ടുണ്ട്.