കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ച മല്ലികാർജുൻ ഖർഗെയെ അഭിനന്ദനം അറിയിക്കാനായി ശശി തരൂർ ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തി. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം തുടങ്ങിയ ദിവസമാണിതെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖർഗെയിൽ നിക്ഷിപ്തമായത് വലിയ ഉത്തരവാദിത്തമാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച തരൂർ, കോൺഗ്രസ് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ് ഇവിടെ തുടങ്ങട്ടെയെന്നും ആശംസിച്ചു.
കോൺഗ്രസ് പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖർഗെയെ രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു.