കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ് ഇന്നിറക്കണമെന്നാണ് നിര്‍ദ്ദേശം. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. ഈ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു.
പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഈ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും വിസി മറുപടി നല്‍കിയിരുന്നില്ല. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദേശിക്കാനുള്ള സുപ്രധാന യോഗത്തിന് എത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഗവര്‍ണര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണറുടെ നോമിനികള്‍ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ അവരെ പിന്‍വലിക്കുന്നത് രാജ്ഭവന്റെ പരിഗണനയിലായിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 സാധാരണ അംഗങ്ങളും 4 വിദ്യാര്‍ഥികളുമാണ് സെനറ്റില്‍ ഉള്ളത്. ഇതില്‍ 2 സാധാരണ അംഗങ്ങള്‍ മാത്രമേ സെനറ്റ് യോഗത്തിന് എത്തിയുള്ളൂ.