തിരുവനന്തപുരം: നെട്ടുകാൽത്തേരി ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ആണ് ജയിൽ ചാടിയതിനെ തുടർന്ന് പിടിയിലായത്.
കർണാടകയിലെ മുദൂരിൽ നിന്നാണ് ഇയാളെ പൊലീസ് പൊക്കിയത്. രാജേഷ് ഒന്നരവർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാർ ഡാം പൊലീസ് ഉഡുപ്പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പിടിയിലായത്. കർണാടകയിൽ കൊല്ലൂരിനടുത്തുള്ള മുദൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2020 ഡിസംബർ 23-നായിരുന്നു ഇയാൾ ജയിലിൽനിന്ന് രക്ഷപ്പെട്ടത്.
പത്താക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2012 ജനുവരിയിലാണ് രാജേഷിനെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. അതിന് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. എട്ട് വർഷം ഇവിടെ വളരെ അച്ചടക്കമുള്ള തടവുകാരനായി കഴിഞ്ഞു. പിന്നീട് കോവിഡ് സമയത്ത് പല പ്രതികൾക്കും പരോൾ അനുവദിച്ചു. ജയിലിലെ സുരക്ഷയുടെ ഭാഗമായി നെട്ടുകാൽതേരി തുറന്ന ജയിലിലേക്കു മാറ്റി. ഇതിൽ ഒരാളായിരുന്നു രാജേഷ്. നെട്ടുകാൽതേരി ജയിലിൽ നിന്ന് രാജേഷും മറ്റൊരു കൊലക്കേസ് പ്രതി ശ്രീനിവാസനും രക്ഷപ്പെടുകയായിരുന്നു. ശ്രീനിവാസനെ നേരത്തെ തന്നെ പിടികൂടിയെങ്കിലും രാജേഷിനെ കിട്ടിയിരുന്നില്ല.