നോയിഡ: ഉത്തർപ്രദേശിൽ തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുമാസം പ്രായമുള്ള കുട്ടി മരിച്ചു. തെരുവുനായയുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നോയിഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. നോയിഡയിലെ ഒരു ഹൗസിങ് സൊസൈറ്റിയില്‍ നിര്‍മാണ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. തൊട്ടടുത്തായി കുട്ടിയേയും ഇരുത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഇവിടേക്കെത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കുടല്‍ പുറത്തുചാടി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.