ന്യൂഡല്‍ഹി: ഡൽഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷയില്‍ മെറിറ്റില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്. നേരത്തെ, ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
കലാപത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമസംഭവങ്ങളില്‍ പങ്കെടുത്ത് കുറ്റകരമായ പ്രവൃത്തികളില്‍ ഏർപ്പെടുകയോ പ്രതിചേര്‍ക്കപ്പെട്ടവരുമായി ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉമര്‍ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ പ്രോസിക്യൂഷന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിനാധാരമായ തന്റെ പ്രസംഗത്തില്‍ ആക്രമത്തിന് ആഹ്വാനംചെയ്യുന്നില്ലെന്നു മാത്രമല്ല, അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.