തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് താന്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് മന്ത്രി എം.ബി രാജേഷ്. യഥാര്‍ഥത്തില്‍ ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ച തന്റെ നിലപാട് പിന്‍വലിക്കുകയല്ല മറിച്ച് പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രസ്താവന വന്നത് അറിയാതെയാണ് താന്‍ ഇതുസംബന്ധിച്ച് പോസ്റ്റിട്ടത്. ഔദ്യോഗികമായി പാര്‍ട്ടി ഒരുനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്ന പാര്‍ട്ടി ധാരണയുടെ അടിസ്ഥാനത്തിലാണ് പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന പിന്നീട് പോസ്റ്റ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
ഗവർണറെ വിമർശിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് തയ്യാറാക്കി നൽകിയത് താൻ തന്നെയാണെന്നും രാജേഷ് പറഞ്ഞു. മുൻ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നു. രാജാവിന്‍റെ ‘അഭീഷ്ടം’ ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി, ഗവർണറോട് മൂന്ന് കാര്യങ്ങൾ പറഞ്ഞുള്ള എഫ്ബി പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം.ബി.രാജേഷിന്‍റെ വിശദീകരണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ‘വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കും’ എന്ന ട്വീറ്റിന് മറുപടി പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അധിക സമയം കഴിയും മുന്നേ തന്നെ പോസ്റ്റ് മന്ത്രി പിൻവലിക്കുകയായിരുന്നു.