തിരുവനന്തപുരം: സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.
പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടല്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയായിരുന്നു വിദേശ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഓരോ നേട്ടങ്ങളും പ്രത്യേകം എടുത്തുപറഞ്ഞാണ് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സന്ദര്‍ശത്തിന്റെ ഭാഗമായുണ്ടായി. കൊച്ചിയില്‍ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതയും ചര്‍ച്ചയായി. വിദ്യാഭ്യാസ, വ്യവസായ മേഖകളില്‍ യാത്രകൊണ്ട് ഗുണമുണ്ടാകുമെന്നും ഉന്നത വിദ്യഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ പ്രവാസി സംഘടനകളോട് സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വാഹന നിര്‍മാണ, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപമിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. അടുത്ത മൂന്ന് വര്‍ഷം 42000 നഴ്‌സുമാരുടെ ഒഴിവ് വരുമെന്നും യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നംവംബറില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അടുത്ത വര്‍ഷം നേരിട്ട് വെയില്‍സില്‍ എത്തിക്കുമെന്നും വിദേശ യാത്രയുടെ നേട്ടമായി മുഖ്യമന്ത്രി വിശദീകരിച്ചു.