കോഴിക്കോട് :മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച ചേളന്നൂർ കണ്ണങ്കര സ്വദേശി 27 കാരനായ ഷൈൻ കുമാർ ഉപയോഗിച്ചത് എംഡിഎംഎ. എരഞ്ഞിപ്പാലം ക്യാപ്ടൻ വിക്രം റോഡിലെ വാടകവീട്ടിൽ നിന്നും നടക്കാവ് പൊലീസ് യുവാവിനെ സാഹസികമായിട്ടാണ് പിടികൂടിയത്. വീട്ടിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപാതക ശ്രമമുൾപ്പെടെ നടത്തുകയും ചെയ്ത ഷെെനിനെ കട്ടിലിലേക്ക് രണ്ടുതവണ വെടിയുതിർത്ത് ശ്രദ്ധതിരിച്ചാണ് പൊലീസ് കീഴ്󠅪പ്പെടുത്തിയത്. ഇതിനിടെ അച്ഛനെയും അമ്മയെയും ക്രൂരമായി ആക്രമിച്ച് ഇരുവരെയും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഷൈനിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് ഷാജി , മാതാവ് ബിജി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി രാത്രിയാണ് സംഭവം. ഷൈൻ ശനിയാഴ്ച ഗുരുവായൂർ ദർശനത്തിനു വേണ്ടി പോയിരുന്നു. ഞായറാഴ്ച വൈകുന്നേരമായിട്ടും ഇയാൾ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് മാതാവ് ഷൈനിനെ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരാനുള്ള വഴി അറിയില്ലെന്നാണ് അയാൾ മാതാവിനോട് പറഞ്ഞത്. തുടർന്ന് വൈകുന്നേരം 6.30 ആയപ്പോൾ ഷൈൻ വീട്ടിലെത്തി. പൊലീസുകാരാണ് ഷൈനിനെ വീട്ടിലെത്തിച്ചത്. വഴിയിൽ കിടന്ന് ബഹളം വച്ച ഷൈനിനെ പോലീസുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. ഷൈനിനെ വീട്ടിൽ എത്തിച്ച ശേഷം പൊലീസ് മടങ്ങിപ്പോയി. ഇതിനുപിന്നാലെ ഷൈൻ അക്രമാസക്തനായി . കത്തിയും പിടിച്ച് കൊലവിളിയുമായി നിന്ന് ഷൈനിനെ നാട്ടുകാർ ഇടപെട്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ വീണ്ടും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഷൈൻ എന്നോട് സംസാരിച്ചു എങ്കിലും കേൾക്കുവാൻ തയ്യാറായില്ല. ഇടയ്ക്ക് ഷൈനിനെ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടു. ഇയാൾ വീണ്ടും പുറത്തിറങ്ങി കത്തി ഉപയോഗിച്ച് മാതാവിൻ്റെ മുതുകിൽ ആഞ്ഞു കുത്തി. ബിജിയെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് പോയതിനിടയിൽ യുവാവ് പിതാവായ ഷാജിയുടെ മുറിയിൽ കയറി വാതിലടച്ചു. മുമ്പ് മകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ കാലിൽ പ്ലാസ്റ്ററുമായി കിടക്കുകയായിരുന്നു ഷാജി. അതുകൊണ്ടുതന്നെ അക്രമാസക്തനായ ഷൈനിനെ ഷാജിക്ക് തടയാനായില്ല. ഷൈൻ കത്തി ഉപയോഗിച്ച് ഷാജിയുടെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു.
ഇതോടെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. അക്രമാസക്തനായ നിൽക്കുന്ന ഷെെനിനെ കീഴ്പ്പെടുത്തുവാനായി കട്ടിലിലേക്ക് രണ്ടുതവണ നിറയൊഴിച്ചു. ഷൈനിൻ്റെ ശ്രദ്ധ തിരിഞ്ഞ അവസരത്തിൽ പൊലീസ് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിവലിക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥന് മുറിയിലെ വയറിംഗിൽ നിന്നും ഷോക്കേറ്റു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.