ലഖ്നൗ: ബോളിവുഡ് നടന്മാർക്കെതിരെ വിവാദ പരാമർശവുമായി യോഗ ഗുരു ബാബാ രാംദേവ്. ബോളിവുഡ് ആകെ ലഹരിമയമാണെന്നും സൽമാൻ ഖാൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് രാംദേവിന്റെ ആരോപണം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിലാണ് വിവാദ പരാമർശം.
‘ഷാറുഖ് ഖാന്റെ മകൻ ലഹരിപ്പാർട്ടി നടത്തുന്നതിനിടെയാണ് പിടിയിലായത്. അദ്ദേഹം ജയിലിലായി. സൽമാൻ ഖാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ആമിർ ഖാനെക്കുറിച്ച് അറിയില്ല. ആർക്കറിയാം എത്ര സിനിമാ താരങ്ങൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന്?
നടിമാരുടെ അവസ്ഥയും മോശമാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി വസ്തുക്കൾ ലഭിക്കും. രാഷ്ട്രീയത്തിലും ലഹരി കിട്ടും. തിരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യുന്നു. ഇന്ത്യ ലഹരിമുക്തമാകണമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം’– രാംദേവ് പറഞ്ഞു.
‘തെരഞ്ഞെടുപ്പിനിടെ ലഹരിമരുന്ന് വിതരണം ചെയ്യുന്നു. ഇന്ത്യ എല്ലാ ലഹരിയിൽ നിന്നും മുക്തമാകണമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതിനായി ഞങ്ങൾ ഒരു പ്രസ്ഥാനം ആരംഭിക്കും’- രാംദേവ് പറഞ്ഞു.
സിനിമാ താരങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. കഴിഞ്ഞ വർഷമാണ് ഷാറുഖിന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. 20 ദിവസം ജയിലിൽ കിടന്ന ആര്യനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.