ന്യൂഡൽഹി: സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അടുത്ത മാസം ഒൻപതിനു ചുമതലയേൽക്കും. ജസ്റ്റിസ് ചന്ദ്രചൂഡിനെ തന്റെ പിൻഗാമിയായി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ ഉത്തരവ്.
നവംബർ എട്ടിനാണ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു.
2016 മേയിലാണ് നിലവിലെ ചീഫ് ജസ്റ്റീസ് യു.യു. ലളിതിന് പിന്നാലെ ചന്ദ്രചൂഡ് സുപ്രീംകോടതിയിലെത്തുന്നത്. അതിനു മുൻപ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്നു. ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 1998-2000 കാലഘട്ടത്തിൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു.
ആധാർ കേസ്, ശബരിമല സ്ത്രീപ്രവേശന വിഷയം, എൽജിബിടി തുടങ്ങിയ നിരവധി സുപ്രീംകോടതി വിധികളുടെ ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡ് 1978 മുതൽ 1985 വരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്നു.