തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിർമാണം ഉടൻ പ്രാബല്യത്തില്‍ വരുമെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണെന്നും അതിനു എതിരായുള്ള നിയമനിർമാണത്തിന്‍റെ പണിപ്പുരയിലാണ് സർക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സർക്കാർ ഇടപെടൽ മാത്രമല്ല ജനങ്ങളുടെ ജാഗ്രതയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിശ്വാസത്തെ ആരും എതിർക്കുന്നില്ല. അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭൻ്റേത്. ജാതി പേരിനോട് ചേർത്തിരുന്ന കാലത്ത് അദ്ദേഹം ജാതി വാൽ ഉപേക്ഷിക്കാന്‍ തയ്യാറായി.
മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്നും ജാതി പേരിനോട് ചേർക്കൽ ചിലർ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.