വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം പൊതുശല്യമായി മാറുകയാണെന്നും ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസ്സപ്പെടുത്തുന്നുവെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) പ്രസ്താവനയിൽ ആരോപിച്ചു.തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ എന്ന് ടിസിസിഐ കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധക്കാർ തിങ്കളാഴ്ച തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ടിസിസിഐ.
റോഡുകൾ തടയാൻ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് പ്രക്ഷോഭമല്ല, ഗുണ്ടാപ്രവർത്തനമാണ്. നഗരത്തിൽ അക്രമം സൃഷ്ടിക്കാനും അത് വഴി ശ്രദ്ധ നേടാനും അവർ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. തങ്ങളുടെ പരാജയം മറച്ചുവെക്കാനും നിക്ഷിപ്‌ത താൽപര്യം നേടിയെടുക്കാനും സാമൂഹികവിരുദ്ധവും അധാർമ്മികവുമായ രീതികൾ അവലംബിക്കാൻ സമര നേതാക്കൾ അനുയായികളെ പ്രേരിപ്പിക്കുകയാണ് എന്ന് ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.
തിരുവനന്തപുരത്തെ പൊതുസമൂഹം തുറമുഖത്തിനെതിരായ ഗൂഢാലോചന തിരിച്ചറിഞ്ഞു കഴിഞ്ഞു ജനങ്ങൾ തങ്ങളുടെ നീക്കങ്ങളെ അവഗണിക്കുന്നതിൽ സമര നേതാക്കൾ രോഷാകുലരാണ്. പ്രതികാരമെന്നോണം ജനങ്ങളെ ഏറ്റവും മോശമായ രീതിയിൽ അസൗകര്യത്തിലാക്കാനാണ് അവരുടെ തീരുമാനം. സർക്കാർ മൃദു സമീപനം ഒഴിവാക്കിസമരക്കാർക്കും അവരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന ഇടവകയ്ക്കും എതിരെ കർശനമായ നടപടിയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കാലത്തായി മിക്ക രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങൾ റോഡിന്റെ ഒരു ഭാഗത്ത് ഒതുക്കി നിർത്തി തലസ്ഥാനത്തെ ജനങ്ങളോട് താരതമ്യേന സൗഹാര്ദപരമായാണ് പെരുമാറുന്നത്. എന്നാൽ ഇന്ന് 25 വർഷത്തിനിടെ ആദ്യമായി ടെക്‌നോപാർക്കിലെ കമ്പനികളിലെ നിരവധി ജീവനക്കാർക്ക് അവരുടെ ഓഫീസുകളിൽ എത്താനായില്ല. നിരവധി പേരുടെ വിമാന യാത്ര മുടങ്ങി. സമരക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം പോലീസ് തടയണം എന്ന് ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു