ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ഗുർമീത് റാം റഹീം പരോളിൽ . 40 ദിവസത്തെ പരോളാണ് ഗുർമീതിന് ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ . ഹരിയാനയിലെ സുനാരിയ ജയിലിലാണ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കഴിഞ്ഞിരുന്നത്.
സിർസയിലെ ആശ്രമത്തിൽ വെച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം സിംഗ്. ബലാത്സംഗ കുറ്റവാളിക്ക് റഹീമിന്റെ അനുയായികൾ ഗംഭീര സ്വീകരണം നൽകിയാണ് സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സ്വീകരണ ചടങ്ങിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷം ശനിയാഴ്ച ഉത്തർപ്രദേശിലെ ആശ്രമത്തിൽ നിന്ന് ഗുർമീത് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കരുതെന്നും മുതിർന്നവർ പറയുന്നത് കേൾക്കണമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.