ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇതിനിടെ അന്വേഷണ ഏജന്‍സിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും സിസോദിയ. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം മുന്നില്‍ കണ്ടാണ് നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്. വരുന്ന ദിവസങ്ങളില്‍ ഗുജറാത്തില്‍ മനീഷ് സിസോദിയ പ്രചാരണത്തിന് പോകാനിരിക്കെയാണ് അന്വേഷണ ഏജന്‍സിയുടെ ഈ നീക്കമെന്ന് എഎപി ആരോപിക്കുന്നു.
എന്റെ അറസ്റ്റിലൂടെയോ ജയില്‍ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ കഴിയില്ല. മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ചോദ്യം ചെയ്യാന്‍ സിബിഐ കത്ത് നല്‍കിയിരുന്നു.
”തനിക്കെതിരെ കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലേക്ക് പോകേണ്ടതായിരുന്നു. ഇക്കൂട്ടര്‍ ഗുജറാത്തിനെ വല്ലാതെ തോല്‍പ്പിക്കുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതില്‍ നിന്ന് എന്നെ തടയുകയാണ് അവരുടെ ലക്ഷ്യം.”എന്ന് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
”ഡല്‍ഹിയിലുള്ളതുപോസുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുജറാത്തിലും നിര്‍മ്മിക്കുമെന്ന് സംസ്ഥാന സന്ദര്‍ശനത്തിനിടെ ഞാന്‍ ജനങ്ങളോട് പറഞ്ഞിരുന്നു. ആളുകള്‍ വളരെ സന്തോഷത്തിലാണ്. എന്നാല്‍, നിലവിലെ ഭരണകൂടം ഗുജറാത്തില്‍ നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കണമെന്നോ ഗുജറാത്തിലെ ജനങ്ങള്‍ പഠിച്ച് പുരോഗതി പ്രാപിക്കണമെന്നോ ആഗ്രഹിക്കുന്നില്ല.”എന്ന് മറ്റൊരു ട്വീറ്റില്‍ സിസോദിയ പറഞ്ഞു.