കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് പോളിങ്. രാജ്യവ്യാപകമായി 68 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്.24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്. 9,000-ല്‍ അധികംവരുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി.) പ്രതിനിധികളാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക.
ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും രാജ്യമെമ്പാടുമുള്ള അറുപത്തിയഞ്ചിലധികം വരുന്ന വിവിധ പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താം. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും രാഹുല്‍ വോട്ട് ചെയ്യുക. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18-ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍.
















