പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറി നൽകാൻ വൈകിയതിനു പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം. സെന്റ് പീറ്റേഴ്സ് കവലയ്ക്ക് സമീപത്തെ ചിക്ക് ഇന്‍സ് ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു.
ഹോട്ടലിലേക്ക് ചിക്കൻ ചോദിച്ചുവന്ന റാന്നി സ്വദേശി ജിതിനും രണ്ട് കൂട്ടുകാരും ചേർന്നാണ് അക്രമം നടത്തിയത്. ഇന്ന് വൈകുന്നേരം ജിതിനും കൂട്ടുകാരും ചേർന്ന് ഹോട്ടലിൽ എത്തി, അവിടെ വച്ച് ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു. ജീവനക്കാർ 25 മിനിറ്റ് സമയം വേണം എന്ന് മറുപടി നൽകി. തുടർന്ന് ജിതിനും കൂട്ടുകാരും പുറത്ത് പോയി 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു.
അപ്പോൾ ജീവനക്കാർ 25 മിനിറ്റാണ് പറഞ്ഞതെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരനെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. ഇതിന് പിന്നാലെ ബംഗാൾ സ്വദേശികളായ മൂന്ന് പേരെയും ആക്രമിക്കുന്നു. ബഹളം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ജിതിനും കൂട്ടുകാരും പുറത്തേക്ക് ഓടി.
ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.