ന്യൂഡല്‍ഹി: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ വിമര്‍ശനം. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിലേത് അലസമായ നേതൃത്വമെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്.
ജനറൽ സെക്രട്ടി പദവി ആഡംബര പദവിയല്ലെന്ന് പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ വിമർശനം ഉയർന്നു. യുദ്ധത്തിൽ തോൽക്കുമ്പോൾ സേനാ നായകൻ പദവിയിൽ തുടരാറില്ല, പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി.
2024 ലോക്‍സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തില്‍ വ്യക്ത വേണമെന്ന ആവശ്യമാണ് കേരളം ഘടകം ഉയർത്തിയത്. കേരളത്തില്‍ നിന്ന് രാഷ്ട്രീയ പ്രമേയത്തില്‍ രാജാജി മാത്യു തോമസും മന്ത്രി പി പ്രസാദും 20 മിനിറ്റ് സംസാരിച്ചു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട സഖ്യം വേണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമർശിച്ചത്.
അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പ്രായപരിധി നടപ്പാക്കുന്നതിലെ ഭരണഘടന ഭേദഗതിയിൽ നാളെ ചർച്ചയുണ്ടാകും. പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടന പാർട്ടി പരിപാടി കമ്മീഷൻ യോഗം നാളെ രാവിലെ 9.30 ന് ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കമ്മീഷൻ അംഗമാണ്. റിപ്പോർട്ട് നാളെ വൈകിട്ട് സമർപ്പിക്കും