പാലക്കാട്: സിപിഐഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. ശശി യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടു. ഏകാധിപത്യ ശൈലി അനുവദിക്കാൻ ആകില്ലെന്നും രൂക്ഷ വിമർശനം.
യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയിൽ നിന്നാണ് പി കെ ശശിയെ മാറ്റി നിർത്തിയത്.
പി കെ ശശി ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്ന പരാതിയും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് പി കെ ശശിയെ പങ്കെടുപ്പിക്കാതിരുന്നത്.
സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നാണ് പ്രധാന പരാതി. പാർട്ടിയെ അറിയിക്കാതെ പി.കെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളജിന്റെ ഓഹരി ബാങ്കുകൾ എടുത്തതിനാൽ ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കോളജും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. യൂണിവേഴ്‌സൽ കോളേജിലും, ബാങ്കുകളിലും പി.കെ ശശിയുടെ അടുപ്പക്കാർക്കും അവരുടെ ബന്ധുകൾക്കും ജോലി നൽകി എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി.