ബംഗളുരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. കര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സംഘം കടന്ന് പോകുന്നതിന് തൊട്ട് മുമ്പ് ഫ്ലക്സുകളും മറ്റുമുള്ള ഒരു വാഹനവും കോൺഗ്രസിന്റെ മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെ ഒരു വാഹനവും കടന്ന് പോകുന്നുണ്ട്. ഇതിൽ ഫ്ലക്സുകൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിലുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.
അതേസമയം, പരിക്കേറ്റവര്‍ക്ക് കോൺഗ്രസ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.