തിരുവനന്തപുരം: തിരുവന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവർത്തക ദയാബായി അനിശ്ചിതകാലസമരം തുടങ്ങിയത്. കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാനാവശ്യം.
ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. എന്നാൽ സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ. അധികൃതരുടെ ഭാഗത്തുനിന്ന് സംസാരിക്കാൻപോലും ആരും തയാറായിട്ടില്ല.
സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് സംഘാടകസമിതി ബഹുജന മാർച്ച് നടത്തും.
കാസര്‍കോട്ടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും തലസ്ഥാനത്തെത്തും. ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലന്ന് സംഘാടക സമിതി അറിയിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂർവ്വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. നിരന്തരം ആവശ്യങ്ങളുന്നയിച്ച് ദയബായി രംഗത്തുവന്നിരുന്നു. എന്നാൽ സമരം തുടരുമ്പോഴും സർക്കാർ കണ്ണടയ്ക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.