പത്തനംതിട്ട: നരഭോജനം സമ്മതിച്ച് ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികൾ. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു.
ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.
ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്.
നരബലിയ്ക്കിരയായ പത്മത്തെയും റോസ്‌ലിനെയും വീടിന്റെ മധ്യഭാഗത്തുള്ള മുറിയിലേക്കായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് പടിഞ്ഞാറുവശത്തുള്ള മുറിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ശരീരഭാഗങ്ങള്‍ അവര്‍ ജീവനോടെയിരിക്കേ തന്നെ അറുത്തുമാറ്റുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
റോസ്‌ലിന്റെയും പത്മത്തിന്റെയും ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള പത്തുകിലോയോളം വരുന്ന ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നെന്നാണ് ലൈല പറഞ്ഞിരിക്കുന്നത്. രണ്ടുഘട്ടമായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇരകളുടെ മാറിടങ്ങളും ആന്തരിക അവയവങ്ങളും ഉള്‍പ്പെടെയുള്ളവ കുക്കറില്‍ പാകം ചെയ്തിരുന്നു.