കോഴിക്കോട്: കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിച്ച് നിലത്തിട്ട ശേഷം സ്വര്‍ണക്കടത്ത് പ്രതി രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി റിയാസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപെട്ടത്.
ആക്രമണത്തിനിടെ നിലത്ത് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കരിപ്പൂരിൽനിന്ന് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച ശേഷം റിയാസ് രക്ഷപ്പെട്ടത്. നിലത്തുവീണ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊണ്ടോട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെളളിയാഴ്ചയായിരുന്നു സംഭവം. ഒരുമാസമായി റിയാസിനായി വലവിരിച്ചിരിക്കുകയാണ് പൊലീസ്. റിയാസിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരെ ഇടിച്ചിട്ട് അതിവേഗം വാഹനത്തിൽ കടന്നുപോവുകയായിരുന്നു.
വിമാനത്താവള ജീവനക്കാരെ വച്ച് സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കെയ്സിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണമാണ് പൊലീസ് പിടിച്ചത്.
പരിശോധനക്കിടെ റിയാസ്, ഒപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ ഷബീബ്, ലിൽ എന്നിവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോ സ്വർണ്ണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് റിയാസ്.