കൊച്ചി: കോതമംഗലത്ത് വിദ്യാർഥിയെ മർദിച്ച എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ മാഹിൻ സലിമിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറൽ എസ്പിയുടേതാണ് നടപടി.
എസ്എഫ്ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാർഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മർദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം. വിദ്യാർഥികൾ കൂട്ടം കൂടി നിന്നതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഒരു വിദ്യാർഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർഥികൾ സംഘമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. എസ് എഫ് ഐ നേതാവല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ എസ്ഐക്ക് എതിരെ നടപടിയെടുക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം ഹോട്ടല്‍ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം.