ലഖ്‌നോ: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ കടയുടെ മുന്നിൽനിന്ന് ബൾബ് മോഷ്ടിച്ചതിന് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് കോൺസ്റ്റബിൾ രാജേഷ് വർമയെയാണ് സസ്‌പെൻഡ് ചെയ്തത്. രജേഷ് ബൾബ് മോഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്‌പെൻഷൻ.
ഒക്ടോബര്‍ ആറിനാണ് സംഭവം. ദസറ ആഘോഷം നടക്കുന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന രാജേഷ് വര്‍മ്മ അടച്ചിട്ടിരിക്കുന്ന കടയിലെത്തി ബള്‍ബ് മോഷ്ടിക്കുന്ന ദൃശ്യമായിരുന്നു പുറത്ത് വന്നത്. പിറ്റേന്ന് കടയിലെത്തി ബള്‍ബ് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട കടക്കാരന്‍ സി.സി.ടി.വി. ദൃശം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പോലീസുകാരനാണെന്ന് കണ്ടെത്തിയത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനങ്ങളെ സേവിക്കേണ്ട പോലീസ് തന്നെ മോഷണം നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച രാജേഷ് വര്‍മ്മയെ എട്ടുമാസം മുമ്പാണ് ഫുല്‍പുര്‍ സ്റ്റേഷനില്‍ നിയമിച്ചത്.
അടഞ്ഞുകിടക്കുന്ന കടയുടെ അടുത്തേക്ക് രാജേഷ് നടന്നുവരുന്നതും ചുറ്റും നോക്കിയശേഷം ബൾബ് ഈരിയെടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ താൻ ബൾബ് മോഷ്ടിച്ചിട്ടില്ലെന്നും ഇരുട്ട് കൂടിയ സ്ഥലത്തേക്ക് ബൾബ് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തതെന്നുമാണ് രാജേഷ് വർമയുടെ വാദം. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.