പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡമ്മി ഉപയോഗിച്ച് കൃത്യം പുനരാവിഷ്‌കരിക്കാന്‍ പോലീസ്. കൊല്ലപ്പെട്ടവരുടേതിന് സമാനമായ വലുപ്പത്തിലുള്ള ഡമ്മി തയ്യാറാക്കിയിട്ടുണ്ട്. കൊച്ചി പോലീസിന്റെ നിര്‍ദേശം പ്രകാരം പത്തനംതിട്ട പോലീസാണ് ഡമ്മി തയ്യാറാക്കിയത്.
പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡമ്മി ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ കൃത്യം നടത്തിയെന്നത് പ്രതികളെ കൊണ്ടുതന്നെ വിശദീകരിപ്പിക്കും.
നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് നടത്തിയ നാല് മണിക്കൂർ നീണ്ട പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. പ്രതികൾ മൂന്ന് പേരെയും സംഭവ സ്ഥലത്ത് എത്തിച്ച് കഡാവർ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്റേതാണെന്ന സംശയത്തിലാണ് പൊലീസ്. ഡമ്മി എത്തിച്ച പൊലീസ് കൊലപാതകങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കൊച്ചിയിൽ നിന്ന് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നീ മൂന്ന് പ്രതികളെയും ഇലന്തൂരിൽ എത്തിച്ചത്. പ്രതികളെ എത്തിച്ചതിന് പിന്നാലെ കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധവും ഉണ്ടായി.
നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള മായ, മർഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പിൽ വിശദമായ പരിശോധന നടത്തിയത്. നായ സംശയിച്ചു നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി. പ്രതികളെ പുറത്തിറക്കി വിവരങ്ങൾ തേടിയായിരുന്നു ചിലയിടങ്ങളിൽ പരിശോധന നടത്തിയത്.
നാല് മാസത്തിനിടെ രണ്ട് കൊലപാതകമാണ് ഇലന്തൂരിലെ വീട്ടില്‍ നടന്നത്. ആദ്യകൊലപാതകം നടന്ന് മൂന്നരമാസം പിന്നിടുമ്പോഴായിരുന്നു രണ്ടാമത്തെ കൊലപാതകവും ഉണ്ടായത്. ഏത് തരത്തിലാണ് കൊലപാതകം നടന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ഡമ്മി പരീക്ഷണത്തിലൂടെ പരിശോധിക്കുന്നത്.
കഴുത്തറുത്താണ് രണ്ട് സ്ത്രീകളേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. രഹസ്യഭാഗങ്ങളിലുള്‍പ്പെടെ ആയുധം കുത്തിയിറക്കി രക്തം ശേഖരിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ശേഷം മൃതദേഹം നിരവധി കഷ്ണങ്ങളാക്കി കുഴിച്ചുമൂടുകയായിരുന്നു.
നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെ ഉച്ചയോടെ തന്നെ എലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ ആരംഭിച്ചിരുന്നു. മായ, മര്‍ഫി എന്നീ പോലീസ് നായകളെ ഉപയോഗിച്ച് കൃത്യം നടന്ന വീട്ടിലെ പറമ്പിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.