ചേർത്തല: ആലപ്പുഴയില്‍ ചേർത്തല നെടുമ്പ്രക്കാട്ടുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനു കുത്തേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം.ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗം ടി.എസ്. അരുണിനാണ് കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളുമായി പോയ ആംബുലൻസിന് നേരെയും ആക്രമണമുണ്ടായി. ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. നെടുമ്പ്രക്കാട് കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ തുടർച്ചയായാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. എട്ടാം വാർഡ് കുളത്രക്കാട് ക്ഷേത്രത്തിനു സമീപം വീടിനുനേരെയും അക്രമമുണ്ടായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനു നേരെയുണ്ടായ അക്രമത്തിനു പിന്നിൽ കഞ്ചാവ്-മയക്കുമരുന്നു സംഘമാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നു.
രണ്ടംഗസംഘമാണ് ഡിവൈഎഫ് നേതാവിനെ ആക്രമിച്ചത്. വയറിൽ രണ്ടു കുത്തേറ്റ അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.