കൊച്ചി: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ വ്ലോഗര്‍ എബിന് വര്‍ഗീസിന്റെയും ലിബിന് വര്‍ഗീസിന്റെയും വാഹനം വിട്ടുകൊടുക്കണമെങ്കില്‍ രൂപമാറ്റം നീക്കണമെന്ന തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വാഹനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് വ്ലോഗര്‍മാര്‍ നല്കിയ ഹര്‍ജിയില്‍ രൂപമാറ്റം നീക്കിയാലേ വിട്ടുനല്കാനാകൂ എന്ന ഉപാധിയാണ് നേരത്തെ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇവര്‍ കാരവാന് വാങ്ങി മോട്ടോർ വാഹന നിയമം ലംഘിച്ച് രൂപമാറ്റം വരുത്തി നെപ്പോളിയന് എന്ന പേരിട്ടാണ് ഉപയോഗിച്ചിരുന്നത്. വാഹന നിയമങ്ങള്‍ ലംഘിച്ചുള്ള ഈ വാഹനം മോട്ടോര്‍ വാഹന വകുപ്പു പിടിച്ചെടുത്തു. തുടര്‍ന്ന് നല്കിയ ഹര്‍ജിയില്‍ രൂപമാറ്റം വരുത്തിയതൊക്കെ നീക്കം ചെയ്താലേ വിട്ടു നല്കാന് കഴിയൂവെന്ന് മജിസ്ട്രേട്ട് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രൂപമാറ്റങ്ങള്‍ നീക്കാന്‍ വാഹനം ലോറിയിലോ മറ്റോ വര്‍ക്ഷോപ്പിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം വാഹനത്തിലെ മാറ്റങ്ങള്‍ നീക്കം ചെയ്യേണ്ടത്. ഇതിനായി നവംബര്‍ 30 വരെ സമയവും അനുവദിച്ചു.