കശ്മീരിലെ പ്രശ്നങ്ങൾക്കു കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനയില്‍ 370ാം വകുപ്പ് കൊണ്ടുവന്നതാണെന്ന് തുറന്നടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.ഗുജറാത്തില്‍ ബിജെപിയുടെ ഗൗരവ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
ജവഹര്‍ലാല്‍ നെഹ്‌റു 370ാം വകുപ്പ് കൊണ്ടുവന്നതോടെ കശ്മീര്‍ കുഴപ്പത്തിലായി. അതു രാജ്യത്തോടു ശരിയായ വിധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടില്ല. ആ വകുപ്പ് എടുത്തുകളയാന്‍ എല്ലാവരും ആഗ്രഹിച്ചു. ഒറ്റയടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അതു ചെയ്തു. ഇപ്പോഴാണ് കശ്മീര്‍ പൂര്‍ണമായും ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു.
അയോധ്യയില്‍ എന്നു ക്ഷേത്രം നിര്‍മിക്കുമെന്ന് ചോദിച്ച് ബിജെപിയെ പരിഹസിച്ച കോണ്‍ഗ്രസിനെ ഷാ വിമര്‍ശിച്ചു. ക്ഷേത്ര നിര്‍മാണത്തിനു തീയതികളായി, ഭൂമി പൂജ നടന്നു. ഇപ്പോള്‍ പണിയും നടക്കുന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് അമിത് ഷാ ചോദിച്ചു.ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ എന്നും കര്‍ഫ്യൂ ആയിരുന്നു. 365ല്‍ 200 ദിവസവും കര്‍ഫ്യൂ ആണ്. മോദി ഭരണം വന്നതോടെ അതെല്ലാം പഴങ്കഥയായി. ജനങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നേട്ടമുണ്ടാവും എന്നായിരുന്നു കോണ്‍ഗ്രസ് കരുതിയതെന്നും ഷാ വ്യക്തമാക്കി.