ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരും. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കു നിലവില്‍ പ്രാബല്യമുണ്ടെന്നും സുപ്രീം കോടതിയുടെ ഭിന്ന വിധിക്കു ശേഷം മന്ത്രി ബിസി നാഗേഷ് പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജാബിനും ബുര്‍ഖയ്ക്കും എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്ന കാലത്ത് കുറെക്കൂടി മികച്ച വിധിയാണ് സുപ്രീം കോടതിയില്‍നിന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഭിന്ന വിധിയാണുണ്ടായത്. കേസ് ഉയര്‍ന്ന ബെഞ്ചിലേക്കു റഫര്‍ ചെയ്ത സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിയാണ് നിലവില്‍ പ്രാബല്യത്തില്‍ ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
കര്‍ണാടക വിദ്യാഭ്യാസ ചട്ടം പ്രാബല്യത്തിലുള്ള ഒരു സ്ഥാപനങ്ങളിലും മതപരമായ ഒരു പ്രതീകവും അനുവദിക്കില്ല. ഹൈക്കോടതി വിധി അനുസരിച്ചായിരിക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ അതു മനസ്സിലാക്കി വരണമെന്ന് മന്ത്രി പറഞ്ഞു.