കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. കേസിലെ മൂന്ന് പ്രതികളെയും നാളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി കോടതി എട്ട് പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേര്‍ ചേര്‍ന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. റഷീദ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരന്‍ എന്ന് പൊലീസ് പറയുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.
കേസില്‍ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റി.
സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക്ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്റെ വക്കോളമെത്തിച്ചത്.
പതിനാറാം വയസ്സിൽ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി പല ദേശത്ത് പല പേരുകളിലും തങ്ങി. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തിമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്ലിയുടെ സുഹൃത്തായ യുവതി പറയുന്നത്.