പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.
ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ പ്രതികളെ രണ്ടാഴ്‍ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റിയിട്ടുണ്ട്.