മലപ്പുറം: മുണ്ടേരി ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരുളായി ചെറുപുള്ളി സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്.
കേസിൽ സ്ത്രീയുൾപ്പെടെ രണ്ട് പേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കാറ്റാടി പാലത്തിന് താഴെ താമസിക്കുന്ന ഉതിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു, ഇയാളുടെ കൂടെ താമസിക്കുന്ന ലത എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ 13നാണ് മുണ്ടേരി ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപകന്‍ ബാബുവിന്‍റെ മൃതദേഹം നിലമ്പൂര്‍ പുന്നപ്പുഴയില്‍ കണ്ടെത്തുന്നത്. മുങ്ങി മരണമാണെന്നായിരുന്നു പൊലീസ് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് തുടരന്വേഷണം നടത്തിയത്. ഇതിലാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്.