തങ്ങള്‍ വിവാഹിതരായിട്ടില്ലെന്ന് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ഒരുമിച്ച് ജീവിക്കാൻ അവസരം ലഭിച്ച സ്വവർഗ ദമ്പതികളായ ആദിലയും നൂറയും .സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണെന്ന് ഇരുവരും പറയുന്നു.
സമൂഹമാധ്യമത്തിൽ ‘ഇനി എന്നെന്നും ഒരുമിച്ച്’ എന്ന അടിക്കുറിപ്പോടെ നൂറയാണ് ചിത്രങ്ങൾ പങ്കുവച്ചത്.’എന്നോടൊപ്പം എന്നുമുണ്ടാകാൻ തീരുമാനിച്ചതിന് ആശംസകൾ’ എന്ന കാപ്ഷനൊപ്പമാണ് ആദില ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബ്രൈഡൽ ലെഹങ്ക അണിഞ്ഞെത്തിയ ഇരുവരും ബീച്ച് വെഡ്ഡിങ് ശൈലിയിൽ പൂക്കൾ കൊണ്ട് നിർമിച്ച ആർച്ചിനു സമീപം നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. എൽജിബിടിക്യൂ സമൂഹത്തിൻ്റെ അടയാളമായ മഴവില്ലഴകിലുള്ള കേക്കും ഒരുക്കിയിരുന്നു.
സുഹൃത്ത് നൂറയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നും ആദില കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെയാണ് ഇരുവരും വലിയ ഭീഷണികൾ നേരിട്ടത്. സംഭവം ഹൈക്കോടതിയിൽ എത്തിയതോടെയാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് ജീവിക്കാൻ അവസരം ലഭിച്ചത്.