പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഉത്തരവുമായി ഹരിയാന സര്‍ക്കാര്‍. പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിര്‍മിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.