തിരുവല്ലയിൽ നരബലിക്ക് ഇരയായത് ലോട്ടറി വില്‍പ്പനക്കാരായ രണ്ടു സ്ത്രീകളെന്ന് പോലീസ് . തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ് ലി ( 49), തമിഴ്‌നാട് സ്വദേശിനിയും കൊച്ചി പൊന്നുരുന്നിയില്‍ താമസക്കാരിയുമായ പത്മ ( 52) എന്നിവരാണ് നരബലിയുടെ പേരിൽ കൊല്ലപ്പെട്ടത്.
കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ താമസിച്ചിരുന്ന പത്മ. സെപ്റ്റംബര്‍ 26 നു പത്മയെ കാണാതായതോടെ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നത്. രാത്രി ലോട്ടറിക്കച്ചവടം നടത്തുന്നതിനിടെ പത്മത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. പത്മത്തെ തിരുവല്ലയിലെത്തിക്കുകയും അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
ഇതിനിടെയാണ് കാലടിയില്‍ നിന്നും മറ്റൊരു ലോട്ടറി കച്ചവടക്കാരിയെയും ആറുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായതായുള്ള പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശിനിയായ റോസ്‌ലി ( 52)യെയാണ് ജൂണ്‍ മാസം മുതല്‍ കാണാതായത്. ലോട്ടറി കട്ടവടത്തിനായാണ് ഇവര്‍ കാലടിയിലെത്തിയത്. ഇവരെ തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലെ ദമ്പതികളുടെ അടുത്തെത്തിച്ച് നരബലി നൽകുകയായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെയാണ് കാലടി പൊലീസില്‍ മിസ്സിങ് കേസ് നല്‍കിയതെന്ന് റോസ്‌ലിന്റെ മകള്‍ മഞ്ജു പറഞ്ഞു.