കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകൾ നരബലിക്ക് ഇരയായി.ആഭിചാര പൂജയ്ക്കായിട്ടാണ് തിരുവല്ലയിലെത്തിച്ച് നരബലി നൽകിയത്. കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം