മലപ്പുറം : മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍വാലി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനായുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയായ ഇയാള്‍ നേരത്തെ മുതല്‍ ഒളിവിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് റൗഫ്. ഗ്രീന്‍വാലിയില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്.
രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. എന്നാൽ അപ്പോഴും ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.
പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും അടുത്ത അഞ്ച് വർഷത്തേക്ക് നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഐഎസ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് 8 അനുബന്ധ സംഘടനകൾക്കും പിഎഫ്ഐക്കും നിരോധനമേർപ്പെടുത്തിയ കേന്ദ്രം വ്യക്തമാക്കുന്നത്.