ന്യൂഡൽഹി: ശിവസേന ഉദ്ദവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ പേരുകൾ അനുവദിച്ചു. ഉദ്ദവ് വിഭാഗം ഇനി ശിവസേന ബാലസാഹബ് താക്കറെ എന്ന പേരിൽ അറിയപ്പെടും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ബാലസബ് ശിവസേന എന്ന പേരാണ് അനുവദിച്ചിരിക്കുന്നത്.
ഉദ്ദവ് വിഭാഗത്തിന്റെ പാർട്ടി ചിഹ്നവും തീരുമാനമായിട്ടുണ്ട്. തീപന്തം ആണ് കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ, ഷിൻഡെ വിഭാഗത്തിന്റെ ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പുതിയ ചിഹ്നം നാളെ രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
പാർട്ടി പേരിനെയും ചിഹ്നത്തെയും ചൊല്ലി ഇരുവിഭാഗങ്ങളും നിയമയുദ്ധം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നടപടി. ഔദ്യോഗിക നാമത്തിനും ചിഹ്നത്തിനും വേണ്ടിയായിരുന്നു ഇരുവിഭാഗവും തമ്മിലടിച്ചത്.
അതേസമയം ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ കോടതിയെ സമീപിച്ചിട്ടുണ്ട്. ശിവസേനയെന്ന പേരിനായും ചിഹ്നമായ അമ്പും വില്ലിനുമായും ഉദ്ദവ് താക്കറെ വിഭാഗവും ഏക‍്‍നാഥ് ഷിന്‍ഡെ വിഭാഗവും അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് പേരും ചിഹ്നവും കമ്മിഷൻ മരവിപ്പിച്ചത്.
1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നമായി ലഭിച്ചത്. അതിനുമുമ്പ് വാൾ, പരിച, തെങ്ങ്, റെയിൽ എൻജിൻ, കപ്പ്, പ്ലേറ്റ് തുടങ്ങിയ ചിഹ്നങ്ങളിലായിരുന്നു ശിവസേനാസ്ഥാനാർഥികൾ മത്സരിച്ചിരുന്നത്.