തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കളർകോഡ് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കും. ഓരോ രൂപ മാറ്റങ്ങളും വേവെറ നിയമലംഘനമായി കണക്കാക്കും. ഓരോ നിയമലംഘനത്തിനും 10,000 രൂപ വീതം പിഴയീടാക്കുമെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് കേരളത്തിൽ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നത്. ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കില്ല. ബസുകൾ രൂപമാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ത്രിതല പരിശോധനാ സംവിധാനം ഏർപ്പെടുത്തും.
ആർടിഒ ഓഫിസിന്റെ കീഴിലുള്ള ബസുകളുടെ എണ്ണമെടുത്ത് നിശ്ചിത ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥന്റെ പേരിലും നിയമ നടപടി സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ആഴ്ച തോറും ബസുകൾ പരിശോധിക്കും. ഇതിനു മുകളിൽ സൂപ്പർ ചെക് സെല്ലും ഉണ്ടാകും. പരിശോധനാ നടപടികളിൽ ഓരോ ആഴ്ച്ചയും റിവ്യൂ മീറ്റിംഗ് നടത്തും. ബസുകൾ നിയമലംഘനം വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കമെന്നും മന്ത്രി പറഞ്ഞു.
വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റുകളില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വാഹന ഉടമകള്‍ക്കെതിരേ മാത്രമായിരിക്കില്ല നടപടിയെന്നും മാറ്റം വരുത്താന്‍ സഹായം ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കെതിരേയും ഡീലര്‍മാര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടസമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ കര്‍ശന പരിശോധനങ്ങള്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്. അത് ഇനിയും തുടരും. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ കേരളത്തില്‍ നിരത്തിലിറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കര്‍ശന നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.
ഓരോ ആര്‍.ടി.ഒ ഓഫീസുകളുടെ പരിധിയില്‍ വരുന്ന ടൂറിസ്റ്റ് ബസ്, കോണ്‍ട്രാക്ട് ക്യാരേജ് ബസ്, പ്രൈവറ്റ് ബസ് എന്നിവയുടെ എണ്ണം നിശ്ചയിക്കും. ഓരോ ഓഫീസിന്റെയും കീഴില്‍വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ബസുകളുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തിന്റെ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാധിയായിരിക്കും. വാഹനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരെയും നിയമനടപടി ഉണ്ടാകും. പ്രാഥമിക പരിശോധനയ്ക്ക് പുറമെ ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ ഒരു കൗണ്ടര്‍ ചെക്കും ഉണ്ടാകും.
ഒരു ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചുരുങ്ങിയത് 15 വാഹനങ്ങളെങ്കിലും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് മുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൂപ്പര്‍ ചെക്ക് ഉണ്ടാകും. മൂന്ന് തലത്തിലുള്ള പരിശോധന ഉണ്ടാകും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസേഴ്സ് ചെക്കിംഗുകള്‍ക്ക് നേതൃത്വം നല്‍കും.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ ഇവര്‍ക്ക് റിഫ്രെഷര്‍ ട്രെയിനിങ് കോഴ്സുകള്‍ നടത്തും. ഈ കോഴ്സിന് നിര്‍ബന്ധമായും പങ്കെടുക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ ഈ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുകയുള്ളു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ശനമായ പരിശോധനകള്‍ ആരംഭിക്കും.
ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യവും പരിശോധിക്കും. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടിയെടുക്കും. ഈ മാസം 15-ന് മുന്‍പ് നാല് സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.