എറണാകുളം:ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്നലെ കേരളത്തിൽ 1050 കേസുകൾ റിപ്പോർട്ട് ചെയ്തു. ആലുവ റൂട്ടിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ വ്യാപക കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. നിരവധി ബസുകളിൽ വേഗപൂട്ട് വിഛേദിച്ച നിലയിലാണെന്ന് കണ്ടെത്തി. വേഗപ്പൂട്ടില്ലാത്ത ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. മോട്ടോർ വെഹിക്കിൾ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാണ് ബസുകളിൽ ഇത്തരം കൃത്രിമം നടത്തുന്നത്.
74 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. 30 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 14.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുക്കുകയും 62000 രൂപ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. ആലപ്പുഴയിൽ 5 താലൂക്കുകളിലായിരുന്നു പരിശോധന നടത്തിയത്.
എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഫോർട്ട് കൊച്ചിയിലും പൊലീസ് മിന്നൽ പരിശോധന നടത്തി. 30 ഓളം പ്രൈവറ്റ് ബസ്സുകളിലാണ് പരിശോധന നടത്തിയത്.